മുന്‍ കെ പി സി സി പ്രസിഡന്‍റ് കെ.മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ചേരിതിരിവ് ഇന്നലെ നടന്ന കെ പി സി സി യോഗത്തില്‍ മറനീക്കി പുറത്തു വന്നു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ .കരുണാകരന്‍ രോഗശയ്യയില്‍ കിടന്നു ഇതുമായി ബന്ധപ്പെട്ട് അയച്ച കത്താണ് ചര്‍ച്ചക്ക് വഴിയൊരുക്കിയത്.മുരളീധരനെ കോണ്‍ഗ്രസ്സില്‍ പുനഃപ്രവേശിപ്പിക്കണമെന്ന് ലീഡര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കു തടയിടാനാണ് രമേശ് ചെന്നിത്തല ശ്രമിച്ചത്.പക്ഷെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ് രമേശിന്‍റെ ശ്രമത്തെ പൊളിച്ചു.കരുണാകരനെ തിരിച്ചെടുക്കാന്‍ പ്രവര്‍ത്തകസമിതിയില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ തന്റെ പ്രവര്‍ത്തക സമിതി അംഗത്വം ആരോ തെറിപ്പിച്ചു കളഞ്ഞെന്ന് അദ്ദേഹം തുറന്നടിച്ചു.തുടര്‍ന്ന് സംസാരിച്ച പി സി ചാക്കോ,വി എം സുധീരന്‍,കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കളെല്ലാം മുരളീധരന് അയിത്തം കല്‍പ്പിക്കുന്നതിനു എതിര്‍പ്പ് പ്രകടിപ്പിച്ചു.ഇതോടെ മുരളീധരനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്താനുള്ള ശ്രമവും പാളിപ്പോയി.കെ പി സി സി യുടെ മുന്‍ തീരുമാനം എന്തായിരുന്നാലും മാറിയ സാഹചര്യത്തില്‍ മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശനം യാഥാര്‍ഥ്യമാവുമെന്നതില്‍ സംശയമില്ല.കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മോഹ്സീനാ കിദ്വായ് മുരളീധരനു തന്നെ കണ്ടു ചര്‍ച്ച നടത്തുവാന്‍ അനുവാദവും കൊടുത്തിരിക്കയാണല്ലൊ.മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കരുതെന്ന് വാശിയുള്ള ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പുതിയ സംഭവ വികാസങ്ങള്‍ തിരിച്ചടിയായിരിക്കയാണ്.