2009, ഡിസംബർ 10, വ്യാഴാഴ്‌ച

വിലക്കയറ്റം കേരളത്തില്‍ മാത്രമോ?

ഇന്ത്യയിലാകെ ഇന്ന് അനുഭവപ്പെടുന്ന കടുത്ത വിലക്കയറ്റം കേരളത്തില്‍ മാത്രമുള്ളതാണെന്ന് വരുത്തി തീര്‍ക്കാനുള്ള വൃഥാശ്രമമാണ് യുഡിഎഫും അവരെ പിന്തുണയ്ക്കുന്ന ഏതാനും മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.കോണ്ഗ്രസ്സിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വികലമായ സാമ്പത്തിക നയങ്ങളുടെ പരിണിത ഫലമാണ് ഇന്നത്തെ രൂക്ഷമായ വിലക്കയറ്റം.കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടി മുഖപത്രത്തിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയച്ച ഒരു തുറന്ന കത്തില്‍ രാജ്യത്തെ അതിഗുരതരമായ വിലക്കയറ്റത്തിലുള്ള ഉല്‍ക്കണ്ഠ പങ്കു വെക്കുകയും, ഇതിന് സത്വര പരിഹാരം കാണാന്‍ പ്രധാനമന്ത്രിയോടും ധനകാര്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിഷയത്തിന്റെ ഗൌരവം മനസ്സിലായതിന്റെ തെളിവാണ്.എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കയറ്റത്തെ തങ്ങളുടെ ഹീനമായ രാഷ്ട്രീയ ലക്ഷൃങ്ങള്‍ നേടാനുള്ള കുറുക്കു വഴിയായാണ് കാണുന്നത്.വിപണിയില്‍ ഇടപെട്ടുകൊണ്ട് വിലക്കയറ്റത്തിന്റെ തീവ്രതകുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നപപടികള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന് കേന്ദ്രമന്ത്രി ശരത് പവാര്‍ പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.മാത്രവുമല്ല വിലക്കയറ്റത്തിന്റെ തോത് പരിശോധിക്കുമ്പോള്‍ കേരളം പതിനേഴാം സ്ഥാനത്താണെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു.സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിവിധ ഔട്ട്ലെറ്റുകള്‍ വഴി അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു കൊണ്ടാണ് ഇതു സാധിക്കുന്നത്.പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന മഹാരാഷ്ട്രയില്‍ പോലും സബ്സിഡി നിരക്കില്‍ കിലോഗ്രാമിന് 30 രൂപ കൊടുക്കേണ്ടി വരുമ്പോള്‍ കേരളത്തില്‍ അത് 25 രൂപയാണെന്ന വസ്തുത ഓര്‍മ്മിക്കുക.എപിഎല്‍ കാര്ഡ്ഉടമകള്‍ക്ക് നല്‍കാന്‍ കിലോഗ്രാമിന് 17 രൂപ നിരക്കില്‍ കേന്ദ്രം നല്കുന്ന അരി 13 രൂപയ്ക്ക് ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.കൂടാതെ മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും,ന്യായവിലക്ക് ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാക്കാന്‍ മാവേലി ഹോട്ടലുകള്‍ തുറക്കാനും നടപടികള്‍ പുരോഗമിക്കുന്നു.പച്ചക്കറികളുടെ വിലകള്‍ നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെട്ടതിന് ഫലം കണ്ടു തുടങ്ങി.കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുള്ള റയിഡുകളും നടക്കുന്നു.സ്ഥിതിഗതികള്‍ വിലയിരുത്താനും വേണ്ടനടപടികള്‍ പെട്ടെന്ന് സ്വീകരിക്കാനും മുഖ്യമന്ത്രി ചെയര്‍മാനായുള്ള മന്ത്രസഭാ ഉപസമിതിയും നിലവില്‍ വന്നു കഴിഞ്ഞു .കേരള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഇടങ്കോല്‍ ഇടാന്‍ ശ്രമിക്കാതെ വിലക്കയറ്റത്തിന് കാരണമായ തെറ്റായ കേന്ദ്രനയങ്ങള്‍ തിരുത്തിക്കുവാനുള്ള ശ്രമമാണ് കേരളത്തിലെ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ നടത്തേണ്ടത്.

2009, നവംബർ 18, ബുധനാഴ്‌ച

മുരളീപ്രവേശം ഉമ്മന്‍ ചാണ്ടി -ചെന്നിത്തല അച്ചുതണ്ടിന് തിരിച്ചടി

മുന്‍ കെ പി സി സി പ്രസിഡന്‍റ് കെ.മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ചേരിതിരിവ്‌ ഇന്നലെ നടന്ന കെ പി സി സി യോഗത്തില്‍ മറനീക്കി പുറത്തു വന്നു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ .കരുണാകരന്‍ രോഗശയ്യയില്‍ കിടന്നു ഇതുമായി ബന്ധപ്പെട്ട് അയച്ച കത്താണ് ചര്‍ച്ചക്ക് വഴിയൊരുക്കിയത്.മുരളീധരനെ കോണ്‍ഗ്രസ്സില്‍ പുനഃപ്രവേശിപ്പിക്കണമെന്ന് ലീഡര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കു തടയിടാനാണ് രമേശ്‌ ചെന്നിത്തല ശ്രമിച്ചത്.പക്ഷെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ്‌ രമേശിന്‍റെ ശ്രമത്തെ പൊളിച്ചു.കരുണാകരനെ തിരിച്ചെടുക്കാന്‍ പ്രവര്‍ത്തകസമിതിയില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ തന്റെ പ്രവര്‍ത്തക സമിതി അംഗത്വം ആരോ തെറിപ്പിച്ചു കളഞ്ഞെന്ന് അദ്ദേഹം തുറന്നടിച്ചു.തുടര്‍ന്ന് സംസാരിച്ച പി സി ചാക്കോ,വി എം സുധീരന്‍,കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കളെല്ലാം മുരളീധരന് അയിത്തം കല്‍പ്പിക്കുന്നതിനു എതിര്‍പ്പ് പ്രകടിപ്പിച്ചു.ഇതോടെ മുരളീധരനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്താനുള്ള ശ്രമവും പാളിപ്പോയി.കെ പി സി സി യുടെ മുന്‍ തീരുമാനം എന്തായിരുന്നാലും മാറിയ സാഹചര്യത്തില്‍ മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശനം യാഥാര്‍ഥ്യമാവുമെന്നതില്‍ സംശയമില്ല.കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മോഹ്സീനാ കിദ്വായ് മുരളീധരനു തന്നെ കണ്ടു ചര്‍ച്ച നടത്തുവാന്‍ അനുവാദവും കൊടുത്തിരിക്കയാണല്ലൊ.മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കരുതെന്ന് വാശിയുള്ള ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും പുതിയ സംഭവ വികാസങ്ങള്‍ തിരിച്ചടിയായിരിക്കയാണ്.

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ഒരു ജനവിരുദ്ധസമരത്തിന്റെ ദയനീയമായ അന്ത്യം

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകരായ ഡോക്ടര്‍മാര്‍ നടത്തിവന്ന അനാവശ്യസമരം അതിന്റെ സ്വാഭാവികമായ പതനം കണ്ടിരിക്കുന്നു.സമരം അവസാനിപ്പിച്ചതിലൂടെ ഡോക്ടര്‍മാര്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചു എന്ന് പറയാം.മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്കും യു ജി സി സ്കെയില്‍ നപ്പിലാക്കണമെന്ന അവരുടെ ദീര്‍ഘകാലത്തെ ആവശ്യം എല്‍ ഡി എഫ്‌ സര്‍ക്കാര്‍ അംഗീകരിക്കുകയും ശമ്പളത്തില്‍ വലിയ വര്‍ദ്ധന വരുത്തുകയും ചെയ്തു.ഇതോടൊപ്പം മെഡിക്കല്‍ വിദ്ധ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുതുന്നതിന്റെയും,ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിന്റെയും ഭാഗമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരുടെ സ്വകാര്യപ്രാക്ടീസും സര്‍ക്കാര്‍ നിര്‍ത്തലാക്കി.എന്നാല്‍ പൊതുജന നന്മയെ ലക്ഷൃമാക്കിയുള്ള ധീരമായ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഡോക്ടര്‍മാര്‍ക്കിടയിലെ പണക്കൊതിയന്മാരായ ചിലരുടെ പ്രേരണയ്ക്കും, മറ്റു ചില ബാഹ്യസമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങി ഡോക്ടര്‍മാര്‍ സമരത്തിലേക്ക് എടുത്തുചാടുകയായിരുന്നു.സമരക്കാര്‍ക്കിടയില്‍ പിന്തുണ കുറഞ്ഞു വരികയും പൊതുജനാഭിപ്രായം എതിരായി തീരുകയും ചെയ്തപ്പോള്‍ അവര്ക്കു സമരം നിരുപാധികം പിന്‍വലിക്കേണ്ടി വന്നു.ജനവിരുദ്ധങ്ങളായ അനാവാശ്യസമരങ്ങള്‍ക്ക് ഇതുപോലുള്ള അനുഭവമായിരിക്കും ഉണ്ടാവുകയെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയാല്‍ നന്ന്.

2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

ദീപാവലി-വെളിച്ചത്തിന്റെ മഹോത്സവം

ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ വെളിച്ചത്തിന്റെ മഹോത്സവമായ ദീപാവലി ആഘോഷിക്കുന്നതിന്റെ തിടുക്കത്തിലാണ്.തിന്മക്കു മേല്‍ നന്‍മ വിജയം കൈവരിച്ചതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണിത്.നരകാസുരന്‍ എന്ന നീചനായ രാജാവിനെ കൊണ്ട് പ്രജകള്‍ പൊറുതിമുട്ടിയപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതായാണ് ഐതിഹ്യം.കാര്‍ത്തിക മാസത്തിലെ നരകചതുര്‍ദശി ദിവസമാണ്‌ ഇതു സംഭവിച്ചത്.ഹിന്ദു മത വിശ്വാസികള്‍ മാത്രമല്ല ബുദ്ധമതക്കാര്‍.ജൈനന്മാര്‍,സിഖുകാര്‍ തുടങ്ങിയവരും ദീപാവലി ഉത്സാഹപൂര്‍വ്വം ആഘോഷിക്കുന്നുണ്ട്.ദീപാവലി ദിവസം വളരെ പുലര്‍ച്ചെ എഴുന്നേറ്റ് ഹൈന്ദവ ഭവനങ്ങളില്‍ ചെരാതുകള്‍ തെളിയിക്കുന്നത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും.എല്ലാവരും കുളിച്ചു നിറപ്പകിട്ടാര്‍ന്ന പുതു വസ്ത്രങ്ങള്‍ ധരിക്കുന്നു.കുട്ടികള്‍ക്ക് ദീപാവലി കമ്പിത്തിരിയുടേയും മത്താപ്പൂവിന്‍റേയും കാലം കൂടിയാണ്.സ്വാദിഷ്ടങ്ങളായ ഭക്ഷണവും, മധുരപലഹാരങ്ങളും ദീപാവലി ആഘോഷത്തിന്‍റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.ദീപാവലിയോടനുബന്ധിച്ചു ക്ഷേത്രങ്ങളിലും പ്രത്യേക ചടങ്ങുകള്‍ ഉണ്ടാവും.എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍ നേരുന്നു.തിന്മക്കുമേല്‍ എന്നുമെന്നും നന്‍മ വിജയം നേടട്ടെ.

2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

വാര്‍ത്തകള്‍ മുക്കാന്‍ മാസപ്പടി

കേരളത്തില്‍ മുന്‍കാലങ്ങളില്‍ ചില അബ്കാരികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തങ്ങളുടെ കള്ളക്കച്ചവടത്തിന് തടസ്സം നേരിടാതിരിക്കാന്‍ മാസപ്പടി നല്‍കിവന്നതായി കേട്ടിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ഒരു വാര്‍ത്ത വന്നിരിക്കുന്നു.അവിടെ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളിലും ചാനലുകളിലും വരാതിരിക്കാന്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് മാസപ്പടി നല്‍കി വരുന്നുണ്ടത്രേ.70 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് മാസം തോറും 1000 മുതല്‍ 6000 രൂപ വരെ ഇയാള്‍ കൊടുക്കുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ തെളിവുകള്‍ സഹിതം കണ്ടെത്തിയിരിക്കുന്നു.നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തെ പറ്റി വാതോരാതെ പറയാന്‍ മടികാണിക്കാത്ത മാന്യന്മാര്‍ക്ക് ഈ സംഭവത്തെ കുറിച്ചു എന്താണ് പറയാനുള്ളത്?മാധ്യമ മാനേജ്മെന്‍റുകളുടെ താല്പര്യമനുസരിച്ച് വാര്‍ത്തകള്‍ ചമയ്ക്കുകയും ,താമസ്ക്കരിക്കുകയും ചെയ്യുന്ന പതിവു അഭ്യാസങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ദൈനംദിന സംഭവങ്ങളാണല്ലോ.കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ക്വാട്ടയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈയിടെ സി എന്‍ എന്‍ തുടങ്ങിയ ടി വി ചാനലുകളും ചില ദേശീയ മാധ്യമങ്ങളും ജനങ്ങളിലെത്തിച്ചപ്പോള്‍ ,അഴിമതി എന്ന് കേള്‍ക്കുമ്പോള്‍ മിനിസ്ക്രീനുകളില്‍ ഉറഞ്ഞു തുള്ളുകയും,പത്രത്താളുകളില്‍ കോളങ്ങള്‍ എഴുതി വിടുകയും പതിവാക്കിയ പുണ്യവാളന്മാര്‍ ഈ വാര്‍ത്തകള്‍ വന്നപ്പോള്‍ കാശിക്കു പോയിരുന്നോ? തന്റെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മറ്റൊരു പത്രമുതലാളി ഒരു മഞ്ഞപത്രക്കാരനെ മുന്‍നിര്‍ത്തി കളിക്കുന്ന അഭ്യാസങ്ങള്‍ക്ക് നമ്മള്‍ കേരളീയര്‍ സാക്ഷൃം വഹിക്കുന്നു.കോടതികളില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകളില്‍ പോലും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും എഴുന്നള്ളിച്ചു ചില മാധ്യമങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.ഈ ഗണത്തില്‍ പെട്ട മാധ്യമങ്ങളില്‍ നിന്നും നേരിന്റെ തൂവെട്ടം എന്നാണാവോ പ്രകാശം പരത്തുക?കാത്തിരുന്ന് കാണാം.

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ജയന്തി നാളില്‍ മഹാത്മാവിന് നമോവാകം

ലോകം കണ്ട മഹാത്മാക്കളില്‍ എന്നുമെന്നും ഓര്‍മ്മിക്കപ്പെടുന്ന മുന്നണിപ്പോരാളിയായിരുന്നു മഹാത്മാ ഗാന്ധിജി.
ഒക്ടോബര്‍ 2
മഹാത്മാവിന്റെ ജന്മദിനം ഒരിക്കല്‍ കൂടി വന്നെത്തിയിരിക്കുന്നു.ഈ ജയന്തി ദിനത്തില്‍ ബാപ്പുജിയ്ക്ക് നമോവാകമര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുകയും, സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത ഉന്നതങ്ങളായ മൂല്യങ്ങള്‍ എപ്പോഴാണ് നമുക്കു കൈമോശം വന്നതെന്ന് അന്വേഷിക്കുകയാണ് ഈ കുറിപ്പില്‍ ചെയ്യുന്നത്.അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു നിന്ന മഹാത്മാവിന്റെ സ്വപ്ന ഭൂമികയെവിടെ? അക്രമവും അശാന്തിയും കൊടികുത്തി വാഴുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെവിടെ?സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ സത്യാഗ്രഹസമരമെന്ന ആയുധം മാത്രം ഉപയോഗിച്ചു പടനയിച്ച് വിജയം കൈവരിച്ച ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തിയുണ്ട്.തനിക്ക് ചുറ്റും നടമാടിയിരുന്ന സാമൂഹ്യതിന്മകള്‍ക്കെതിരെ അദ്ദേഹം വിരല്‍ ചൂണ്ടുകയും അവ ഉന്മൂലനം ചെയ്യാന്‍ മാര്‍ഗ്ഗദര്‍ശനം നല്കുകയും ചെയ്തു.ഉടുതുണിക്ക് മറുതുണിയില്ലാത്ത തന്റെ രാജ്യത്തിലെ ദരിദ്ര നാരായണന്‍മാരുടെ ഉന്നമനം അദ്ദേഹം ആഗ്രഹിച്ചിരുന്നു.സ്വയം പര്യാപ്തമായ ഗ്രാമങ്ങള്‍ ചേര്‍ന്ന ഗ്രാമസ്വരാജ് ഗാന്ധിജിയുടെ ആശയമായിരുന്നു.അമിതമായി ആഹാരം കഴിക്കുന്നത്‌ പോലും ഹിംസയുടെ ഗണത്തിലാണ് മഹാത്മജി പെടുത്തിയിരുന്നത്.മദ്യപാനത്തെ നഖശിഖാന്തം എതിര്‍ക്കുകുയും അതിനെതിരെ സഹനസമരത്തിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുകയം ചെയ്തു.ഇന്ത്യയില്‍ നിലനിന്നിരുന്ന മതപരവും ജാതീയവുമായ സ്പര്‍ദ്ധയില്‍ ഏറെ മനം നൊന്തിരുന്നു,മഹാത്മാവിന്.സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുണ്ടായ ഇന്ത്യാവിഭജനവും നാട്ടില്‍ അരങ്ങേറിയ വര്‍ഗ്ഗീയ കലാപങ്ങളും ഗാന്ധിജിയെ വല്ലാതെ ദുഃഖിതനാക്കി.ഇന്ത്യയാകെ ആഹ്ലാദത്തിമര്‍പ്പിലായിരുന്നപ്പോള്‍ ഗാന്ധിജിക്ക് അതില്‍ പങ്കെടുക്കാന്‍ മനസ്സു വന്നില്ല.രാജ്യത്തിന്റെ മതമൈത്രിക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പോരാടിയതിന്റെ പേരില്‍ മതഭ്രാന്തന്മാര്‍ ആ മഹാത്മാവിന്റെ ജീവനെടുത്ത കൊടും പാതകത്തിനും നാം സാക്ഷികളായി.ജയന്തി ദിന ചിന്തകള്‍ ഇവിടെ നിര്‍ത്തട്ടെ.

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആസിയന്‍കരാര്‍-ആശങ്കകളകറ്റണം

ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും 2009 ആഗസ്ത്‌ 13 നു ഒപ്പുവെച്ച സ്വതന്ത്രവ്യാപാരകരാറിനെ കേരളത്തിലെ കര്‍ഷകര്‍ ആശങ്കകളോടെയാണ് കാണുന്നത്.തെക്കു കിഴക്ക് ഏഷ്യയിലെ 10 രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ആസിയനുമായി 2001 മുതല്‍ ഇന്ത്യ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു.2003 ഒക്ടോബറില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയ് കരാറിന്റെ കരടില്‍ ഒപ്പിട്ടു.2010 ജനുവരി 1 മുതല്‍ കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കും.2019 ല്‍ കരാര്‍ പൂര്‍ണ്ണമായും നടപ്പിലാവുന്നതോടെ കരാറില്‍ ഉള്‍പ്പെട്ട കാര്‍ഷികവിഭവങ്ങള്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറയും.ഉദാഹരണത്തിന് അസംസ്കൃത പാമോയിലിന്റെ ചുങ്കം 37.5 ശതമാനമായും , സംസ്കരിച്ച പാമോയിലിന്‍റേത് 45 ശതമാനമായും കുറയും.ഇപ്പോള്‍ തന്നെ പാമോയില്‍ ഇറക്കുമതി കാരണം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില തകര്‍ച്ച അനുഭവിക്കുന്ന കേരളത്തിലെ നാളീകേര കര്‍ഷകര്‍ കരാര്‍ കാരണം കൂടുതല്‍ ദുരിതത്തിലകപ്പെടും.കാപ്പി,തേയില,റബ്ബര്‍ തുടങ്ങിയ നാണ്യവിളകള്‍ കൃഷി ചെയ്തു ഉപജീവനം കഴിക്കുന്നവരും കഷ്ടത്തിലാവും.കരാര്‍ പ്രകാരം വിയത്നാമില്‍ നിന്നും മറ്റും മത്സ്യവും ഇറക്കുമതി ചെയ്‌താല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കും ജോലി നഷ്ട്ടപ്പെടും.ചില ഉല്‍പ്പന്നങ്ങളെ സെന്‍സിറ്റീവ് പട്ടികയിലും, മറ്റു ചില ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് പട്ടികയിലും ഉള്‍പ്പെടുത്തി എന്നത് കൊണ്ടു മാത്രം കര്‍ഷകരുടെ ആശങ്കകള്‍ മാറുന്നില്ല.ഓരോ വര്‍ഷവും ലിസ്റ്റ് പുനരവലോകനം ചെയ്യാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ ഇതിന് വലിയ പ്രസക്തിയുമില്ല.കരാറിലെ കര്‍ഷകദ്രോഹ വ്യവസ്ഥകളെ കുറിച്ചു പഠിയ്ക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി ഇതുവരെ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമില്ല.അതുകൊണ്ട് ആസിയന്‍ കരാറുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകളകറ്റാന്‍ കേന്ദ്രസര്ക്കാരിന്റെ ഭാഗത്ത് നിന്ന് എത്രയും വേഗം നടപടികള്‍ ഉണ്ടാവണം.

2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

സിപിഐഎമ്മിന് സാമാന്യമര്യാദയില്ലെന്ന് കോണ്ഗ്രസ്സിന്റെ കണ്ടുപിടിത്തം

സിപി ഐ (എം )ന് സാമാന്യമര്യാദയില്ലെന്ന് കോണ്ഗ്രസ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയിരിക്കുന്നു.പാര്‍ട്ടി സംസ്ഥാന ഗവര്‍ണര്‍മാരെ വിമര്‍ശിക്കുന്നത് ഇതു കൊണ്ടാണെന്നും മര്യാദരാമന്മാരുടെ സ്വന്തം പാര്‍ട്ടിയായ കോണ്ഗ്രസ്സിന്റെ പുതിയ വെളിപാട്.നാല് വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ പിന്തുണയുടെ ബലത്തില്‍ രാജ്യം ഭരിക്കുകയും ,ഇന്ത്യയെ സാമ്രാജ്യത്വ ശക്തികള്‍ക്കു പണയപ്പെടുത്തിയ ഘട്ടത്തില്‍ പിന്തുണ നഷ്ടപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ്സിന് സിപിഐമ്മിനെ തള്ളിപ്പറയേണ്ടി വന്നത് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ വീണുകിട്ടിയ അപ്രതീക്ഷിത വിജയത്തിന്റെ ലഹരി ഇന്നും നിലനില്‍ക്കുന്നത് കൊണ്ടാണ്.ഗവര്‍ണര്‍മാരെയും സിബിഐ പോലെയുള്ള ഭരണഘടനാസ്ഥാപനങ്ങളെയും എക്കാലവും തങ്ങളുടെ രാഷ്ട്രീയ ലക്ഷൃങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്ത പാരമ്പര്യമല്ലേ കോണ്‍ഗ്രസ്സിനുള്ളത്? 1959 ല്‍ കേരളത്തിലെ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അന്നത്തെ ഗവര്‍ണരെ കരുവാക്കിയ കോണ്‍ഗ്രസ്‌, തങ്ങളുടെ വൃത്തികെട്ട അടവുകള്‍ ഇന്നും തുടരുന്നതിന്റെ തുടര്‍ച്ചയല്ലേ ലാവലിന്‍ കേസിലും അവര്‍ സ്വീകരിച്ചത്?തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ കേസുകള്‍ വേണ്ടന്ന് വെക്കുകയും , രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്യുകവഴി സി ബി ഐ യെ ചട്ടുകമാക്കിയതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെയും വരുണ്‍ ഗാന്ധിയുടെയും ചെലവിലും ,പണക്കൊഴിപ്പിന്റെ ഹുന്കിലും നേടിയ താല്ക്കല്ക വിജയത്തിന്റെ ബലത്തില്‍ മറ്റുള്ളവരെ പാഠം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ തല്‍ക്കാലം മിനക്കടേണ്ടതില്ല.

2009, ജൂലൈ 5, ഞായറാഴ്‌ച

സെല്‍ഫോണ്‍ ദുരുപയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും

ആധുനിക സാങ്കേതിക വിദ്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം എല്ലാ മേഖലകളിലും ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.എന്നാല്‍ സെല്‍ഫോണ്‍,ഇന്‍റര്‍നെറ്റ് തുടങ്ങിയവയുടെ
ദുരുപയോഗം നമ്മുടെ ഈ കൊച്ചു കേരളത്തില്‍ പോലും നാള്‍ക്കുനാള്‍ കൂടുന്നതായി കണക്കുകള്‍ തെളിയിക്കുന്നു.ഇന്ത്യയിലാകെ 35 കോടി സെല്‍ഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.കണ്ണൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഈ അടുത്ത കാലത്തു നടന്ന സംഭവം.പ്രസ്തുത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന ഒരു വിദ്യാര്‍ഥി തന്റെ സെല്‍ഫോണ്‍ ഉപയോഗിച്ചു ക്ലാസ്സിലെ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ എടുക്കുന്നു.കുട്ടികളുടെ പരാതിയുടെ പുറത്ത് സ്കൂളധികൃതര്‍ രക്ഷിതാവിനെ വരുത്തുന്നു.വന്നത് കുട്ടിയുടെ അമ്മയാണ്,അച്ഛന്‍ പണിക്കു പോയിരിക്കുന്നു.അമ്മ അദ്ധ്യാപകരോട് പറഞ്ഞത് ഇങ്ങനെ-അവന്റെ കല്ലുവെട്ടു തൊഴിലാളിയായ അച്ഛന്‍ 5000 ഉറുപ്പിക ആരോടോ കടം വാങ്ങി അവനൊരു മൊബൈല് വാങ്ങിക്കൊടുത്തത് നിങ്ങള്‍ക്ക് പിടിച്ചു വെക്കാനാ?തള്ളയുടെ ഭാവം മനസ്സിലാക്കി തല്‍ക്കാലം പറഞ്ഞു വിട്ടു.പാവപ്പെട്ട വീടുകളില്‍ നിന്നു വരുന്ന കുട്ടികള്ക്ക് പോലും സെല്‍ഫോണുകള്‍ എങ്ങിനെ കിട്ടുന്നുവെന്നും അവര്‍ അവ എപ്രകാരം ദുരുപയോഗം ചെയ്യുന്നു വെന്നും ഈ ഉദാഹരണം മതിയായ തെളിവാണ്.ഈയിടെ തിരുവനന്തപുരത്ത് ഒരു ചെറുപ്പക്കാരന്‍ മുപ്പതിലേറെ പെണ്‍കുട്ടികളെ പീഢിപ്പിക്കുകയും സെല്‍ഫോണ്‍ ഉപയോഗിച്ചു നഗ്നചിത്രങ്ങള്‍ എടുത്തു ഇന്റര്‍ നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനു പോലീസ് പിടിയിലായി.മനോരമ ന്യൂസ്‌ ഈ അടുത്ത ദിവസം പുറത്തുവിട്ട ഓണ്‍ ലൈന്‍ പെണ്‍ വാണഭത്തിലും സെല്‍ഫോണുകളുടെ റോള്‍ ഒട്ടും കുറവല്ല.നാട്ടില്‍ ഇന്നു നടക്കുന്ന മിക്ക കുറ്റകൃത്യങ്ങളിലും ചെറുതല്ലാത്ത പങ്കു വഹിക്കുന്ന സെല്‍ഫോണുകളുടെ ദുരുപയോഗം തടയാന്‍ ശക്തമായ നിയമ നടപടികള്‍ ഉണ്ടാവണം.ഐ ടി നിയമത്തിലെ പഴുതുകള്‍ അടച്ചും, തലസ്ഥാനത്ത് തുടങ്ങിയത് പോലുള്ള സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ കൊച്ചി ,കോഴിക്കോട് നഗരങ്ങളില്‍ കൂടി ഉടനെ ആരംഭിച്ചും സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുകയം വേണം.

2009, ജൂൺ 23, ചൊവ്വാഴ്ച

ആനയെ കാണാന്‍ പോയ മാധ്യമകുരുടന്മാര്‍

സി പി ഐ (എം)ന്റെ പി ബിയും കേന്ദ്രകമ്മറ്റിയും ഈ കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ ചേര്‍ന്നപ്പോള്‍ നമ്മുടെ ചില അച്ചടി മാധ്യമങ്ങളും മാര്‍ക്സിസ്റ്റ്‌ വിരുദ്ധ ചാനലുകളും അവരുടെ പതിവ് നുണപ്രചാരണങ്ങള്‍ക്ക് മുടക്കം വരുത്തിയില്ല.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രസ്തുത യോഗങ്ങളില്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെന്തെല്ലാമോ സംഭവിക്കാന്‍ പോകുന്നുവെന്ന് ഈ മാധ്യമകുരുടുന്മാര്‍ മനപ്പായസമുണ്ടു.യോഗങ്ങളുടെ അജണ്ട പോലും തങ്ങളാണ് തീരുമാനിച്ചത് എന്നമട്ടില്‍ അവര്‍ ഉറഞ്ഞു തുള്ളി. കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ പി ബി യിലും കേന്ദ്രകമ്മറ്റിയോഗത്തിലും പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്നും നടപടികള്‍ ഉറപ്പാണെന്നും അവര്‍ സ്വപ്നം കണ്ടു.അതനുസരിച്ചുള്ള വാര്‍ത്തകള്‍ തയാറാക്കുകയും ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കെ അവയില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്ന പേരില്‍ പൊടിപ്പും തൊങ്ങലും വച്ച വ്യാജ റിപ്പോര്‍ട്ടുകളും അതിന്മേല്‍ സകല മാര്‍ക്സിസ്റ്റ്‌ വിരുദ്ധരെയും അണിനിരത്തി തല്‍സമയ ചര്‍ച്ചകളും പൊടിപൊടിച്ചു.കേരളത്തിലെ പരാജയകാരണങ്ങള്‍ സംസ്ഥാന കമ്മറ്റി വിലയിരുത്തിയത് പി ബി യും
സി സിയും പാടെ തള്ളിക്കളഞ്ഞെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.സംസ്ഥാനത്തെ പരാജയത്തിന്റെ പ്രധാനകാരണങ്ങള്‍ ലാവലിന്‍ കേസും പി ഡി പി ബന്ധവുമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നതായി യോഗതീരുമാനങ്ങള്‍ പുറത്തു വരുന്നതിനു മുമ്പെ തട്ടി മൂളിക്കാന്‍ ഇവര്‍ക്ക് മടിയുണ്ടായില്ല.ഈ രണ്ടു വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് ഇപ്പോള്‍ പ്രകാശ്‌ കാരാട്ട് വെളിപ്പെടുത്തിയിരിക്കുന്നു.ലാവലിന്‍ അഴിമതിക്കേസല്ലെന്നും പാര്‍ട്ടിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും പി ബിയും സി സിയും അടിവരയിട്ടു പറഞ്ഞു കഴിഞ്ഞു. കേസിനെ നിയമപരമായി നേരിടാനും തീരുമാനമായി .ലാവലിന്‍ കേസിന്റെ പേരില്‍ ചില മാധ്യമങ്ങളും യു ഡി എഫും അഴിച്ചുവിട്ട വ്യാജപ്രചരണങ്ങളില്‍ ഒരു വിഭാഗം ജനങ്ങള്‍ പെട്ടുപോയതും പരാജയകാരണമായി വിലയിരുത്തപ്പെട്ടത് തങ്ങള്‍ക്ക് അനുകൂലമായി മാറ്റാമെന്നാണ് ഈ കുബുദ്ധികള്‍ കരുതിയത്‌.പണ്ടു കുരുടന്മാര്‍ ആനയെ കണ്ടത് പോലെ വാര്‍ത്തകളുടെ ചിലഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത്‌ ആഘോഷിക്കുകയാണ് ഈ മാര്‍ക്സിസ്റ്റ്‌ വിരുദ്ധ മാധ്യമങ്ങള്‍ ചെയ്തത്.ഇതു അവര്‍ ഇനിയും തുടര്‍ന്ന് കൊണ്ടിരിക്കും.