ലോകം കണ്ട മഹാത്മാക്കളില്‍ എന്നുമെന്നും ഓര്‍മ്മിക്കപ്പെടുന്ന മുന്നണിപ്പോരാളിയായിരുന്നു മഹാത്മാ ഗാന്ധിജി.
ഒക്ടോബര്‍ 2
മഹാത്മാവിന്റെ ജന്മദിനം ഒരിക്കല്‍ കൂടി വന്നെത്തിയിരിക്കുന്നു.ഈ ജയന്തി ദിനത്തില്‍ ബാപ്പുജിയ്ക്ക് നമോവാകമര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുകയും, സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത ഉന്നതങ്ങളായ മൂല്യങ്ങള്‍ എപ്പോഴാണ് നമുക്കു കൈമോശം വന്നതെന്ന് അന്വേഷിക്കുകയാണ് ഈ കുറിപ്പില്‍ ചെയ്യുന്നത്.അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു നിന്ന മഹാത്മാവിന്റെ സ്വപ്ന ഭൂമികയെവിടെ? അക്രമവും അശാന്തിയും കൊടികുത്തി വാഴുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെവിടെ?സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സത്യാഗ്രഹസമരമെന്ന ആയുധം മാത്രം ഉപയോഗിച്ചു പടനയിച്ച് വിജയം കൈവരിച്ച ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തിയുണ്ട്.തനിക്ക് ചുറ്റും നടമാടിയിരുന്ന സാമൂഹ്യതിന്മകള്‍ക്കെതിരെ അദ്ദേഹം വിരല്‍ ചൂണ്ടുകയും അവ ഉന്മൂലനം ചെയ്യാന്‍ മാര്‍ഗ്ഗദര്‍ശനം നല്കുകയും ചെയ്തു.ഉടുതുണിക്ക് മറുതുണിയില്ലാത്ത തന്റെ രാജ്യത്തിലെ ദരിദ്ര നാരായണന്‍മാരുടെ ഉന്നമനം അദ്ദേഹം ആഗ്രഹിച്ചിരുന്നു.സ്വയം പര്യാപ്തമായ ഗ്രാമങ്ങള്‍ ചേര്‍ന്ന ഗ്രാമസ്വരാജ് ഗാന്ധിജിയുടെ ആശയമായിരുന്നു.അമിതമായി ആഹാരം കഴിക്കുന്നത് പോലും ഹിംസയുടെ ഗണത്തിലാണ് മഹാത്മജി പെടുത്തിയിരുന്നത്.മദ്യപാനത്തെ നഖശിഖാന്തം എതിര്‍ക്കുകുയും അതിനെതിരെ സഹനസമരത്തിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുകയം ചെയ്തു.ഇന്ത്യയില്‍ നിലനിന്നിരുന്ന മതപരവും ജാതീയവുമായ സ്പര്‍ദ്ധയില്‍ ഏറെ മനം നൊന്തിരുന്നു,മഹാത്മാവിന്.സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുണ്ടായ ഇന്ത്യാവിഭജനവും നാട്ടില്‍ അരങ്ങേറിയ വര്‍ഗ്ഗീയ കലാപങ്ങളും ഗാന്ധിജിയെ വല്ലാതെ ദുഃഖിതനാക്കി.ഇന്ത്യയാകെ ആഹ്ലാദത്തിമര്‍പ്പിലായിരുന്നപ്പോള്‍ ഗാന്ധിജിക്ക് അതില്‍ പങ്കെടുക്കാന്‍ മനസ്സു വന്നില്ല.രാജ്യത്തിന്റെ മതമൈത്രിക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പോരാടിയതിന്റെ പേരില്‍ മതഭ്രാന്തന്മാര്‍ ആ മഹാത്മാവിന്റെ ജീവനെടുത്ത കൊടും പാതകത്തിനും നാം സാക്ഷികളായി.ജയന്തി ദിന ചിന്തകള്‍ ഇവിടെ നിര്‍ത്തട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ