2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

വാര്‍ത്തകള്‍ മുക്കാന്‍ മാസപ്പടി

കേരളത്തില്‍ മുന്‍കാലങ്ങളില്‍ ചില അബ്കാരികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തങ്ങളുടെ കള്ളക്കച്ചവടത്തിന് തടസ്സം നേരിടാതിരിക്കാന്‍ മാസപ്പടി നല്‍കിവന്നതായി കേട്ടിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ഒരു വാര്‍ത്ത വന്നിരിക്കുന്നു.അവിടെ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളിലും ചാനലുകളിലും വരാതിരിക്കാന്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് മാസപ്പടി നല്‍കി വരുന്നുണ്ടത്രേ.70 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് മാസം തോറും 1000 മുതല്‍ 6000 രൂപ വരെ ഇയാള്‍ കൊടുക്കുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ തെളിവുകള്‍ സഹിതം കണ്ടെത്തിയിരിക്കുന്നു.നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തെ പറ്റി വാതോരാതെ പറയാന്‍ മടികാണിക്കാത്ത മാന്യന്മാര്‍ക്ക് ഈ സംഭവത്തെ കുറിച്ചു എന്താണ് പറയാനുള്ളത്?മാധ്യമ മാനേജ്മെന്‍റുകളുടെ താല്പര്യമനുസരിച്ച് വാര്‍ത്തകള്‍ ചമയ്ക്കുകയും ,താമസ്ക്കരിക്കുകയും ചെയ്യുന്ന പതിവു അഭ്യാസങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ദൈനംദിന സംഭവങ്ങളാണല്ലോ.കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ക്വാട്ടയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈയിടെ സി എന്‍ എന്‍ തുടങ്ങിയ ടി വി ചാനലുകളും ചില ദേശീയ മാധ്യമങ്ങളും ജനങ്ങളിലെത്തിച്ചപ്പോള്‍ ,അഴിമതി എന്ന് കേള്‍ക്കുമ്പോള്‍ മിനിസ്ക്രീനുകളില്‍ ഉറഞ്ഞു തുള്ളുകയും,പത്രത്താളുകളില്‍ കോളങ്ങള്‍ എഴുതി വിടുകയും പതിവാക്കിയ പുണ്യവാളന്മാര്‍ ഈ വാര്‍ത്തകള്‍ വന്നപ്പോള്‍ കാശിക്കു പോയിരുന്നോ? തന്റെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മറ്റൊരു പത്രമുതലാളി ഒരു മഞ്ഞപത്രക്കാരനെ മുന്‍നിര്‍ത്തി കളിക്കുന്ന അഭ്യാസങ്ങള്‍ക്ക് നമ്മള്‍ കേരളീയര്‍ സാക്ഷൃം വഹിക്കുന്നു.കോടതികളില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകളില്‍ പോലും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും എഴുന്നള്ളിച്ചു ചില മാധ്യമങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.ഈ ഗണത്തില്‍ പെട്ട മാധ്യമങ്ങളില്‍ നിന്നും നേരിന്റെ തൂവെട്ടം എന്നാണാവോ പ്രകാശം പരത്തുക?കാത്തിരുന്ന് കാണാം.

അഭിപ്രായങ്ങളൊന്നുമില്ല: