2011, ജൂലൈ 11, തിങ്കളാഴ്‌ച

വി.ടി.കുമാരന്‍ സ്മാരകട്രസ്റ്റ് പിരിച്ചുവിടുകയോ..?



കമ്മ്യൂണിസ്റ്റ് സഹയാത്രികനും തന്റെ രചനകളിലൂടെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്ത കടത്തനാടിന്റെ ജനകീയകവി വി ടി കുമാരന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം രൂപീകൃതമായ സ്മാരകട്രസ്റ്റ് പിരിച്ചുവിടാന്‍ ട്രസ്റ്റിന്റെ ഇപ്പോഴത്തെ ഭാരവാഹികള്‍ തീര്മാനമെടുത്തതായി അറിയുന്നു.ട്രസ്റ്റ് അംഗം കൂടിയായ കവിയുടെ പത്നി ശാന്ത ടീച്ചറുടെയും, മകനും പ്രശസ്ത ഗായകനുമായ വി ടി മുരളിയുടേയും
എതിര്‍പ്പ് അവഗണിച്ചുകൊണ്ട് എടുത്ത വികലമായ ഈ തീരുമാനം സാഹിത്യാസ്വാദകര്‍ ഇന്നും ആരാധിക്കുന്ന വി ടി യോട്
കാണിക്കുന്ന തികഞ്ഞ അനാദരവായി മാത്രമേ കാണാന്‍ കഴിയൂ.കാല്‍നൂറ്റാണ്ട്‌ കാലമായി മുപ്പതു വയസ്സില്‍ താഴെ പ്രായമുള്ള യുവകവികള്‍ക്ക്‌ വര്‍ഷം തോറും അവാര്‍ഡുകള്‍ നല്‍കിവരുന്നു.ട്രസ്റ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നു പറഞ്ഞാണ് ട്രസ്റ്റ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.വി ടി യുടെ സഹപ്രവര്‍ത്തകര്‍ കൂടിയായിരുന്ന ഭാരവാഹികള്‍ ഈ നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാരും ആരാധകരും ആഗ്രഹിക്കുന്നത്.അഥവാ അവര്‍ പിരിച്ചുവിടല്‍ നീക്കവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ വി ടി യുടെ കവിതകളെയും അദ്ദേഹം പ്രചരിപ്പിച്ച മനുഷ്യത്വമുഖമുള്ള പുരോഗമാനാശയങ്ങളെയും ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ആരാധകരുടേയും നാട്ടുകാരുടെയും പിന്തുണ ഉറപ്പാക്കി ട്രസ്റ്റിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് നടത്താന്‍ വി ടി യുടെ കുടുംബാംഗങ്ങള്‍ മുന്‍കൈ എടുക്കണമെന്നാണ് അപേക്ഷിക്കാനുള്ളത്.

2011, ജൂലൈ 3, ഞായറാഴ്‌ച

പഞ്ചനക്ഷത്ര ജയില്‍..!!

കോമണ്‍വെല്‍ത്ത്,സ്പെക്ട്രം തുടങ്ങിയ വന്‍ അഴിമതികേസുകളില്‍ അകത്തായ ഭരണകക്ഷി നേതാക്കള്‍ക്ക് ദല്‍ഹി തീഹാര്‍ ജയിലില്‍ പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതായി ജയില്‍ സന്ദര്‍ശിച്ച വിചാരണ കോടതി ജഡ്ജി കണ്ടെത്തിയതായി പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.കോമണ്‍വെല്‍ത്ത് അഴിമതികേസില്‍ പെട്ട കോണ്‍ഗ്രസ്‌ എം പി സുരേഷ് കല്‍മാഡി ജയില്‍ സുപ്രണ്ടിന്റെ ശീതീകരിച്ച മുറിയിലിരുന്ന്ചായയും പലഹാരങ്ങളും കഴിക്കുമ്പോഴാണ് കയ്യോടെ പിടിക്കപ്പെട്ടത്.സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ വിചാരണക്കോടതി ജഡ്ജി ബ്രിജേഷ്കുമാര്‍ ഗാര്‍ഗ് ജയിലധികൃതരോട് ആവശ്യപ്പെട്ടിരിക്കയാണ്. സ്പെക്ട്രം കേസില്‍ പിടിക്കപ്പെട്ട വി ഐ പി മാര്‍ക്കും വഴിവിട്ട സൌകര്യങ്ങളാണ് ജയിലില്‍ ഒരുക്കി കൊടുത്തിരിക്കുന്നത്‌.കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സിന്റെയും യു പി എ യുടെയും സ്വജന പക്ഷപാതവും ജീര്‍ണ്ണതയുമാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.