2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആസിയന്‍കരാര്‍-ആശങ്കകളകറ്റണം

ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും 2009 ആഗസ്ത്‌ 13 നു ഒപ്പുവെച്ച സ്വതന്ത്രവ്യാപാരകരാറിനെ കേരളത്തിലെ കര്‍ഷകര്‍ ആശങ്കകളോടെയാണ് കാണുന്നത്.തെക്കു കിഴക്ക് ഏഷ്യയിലെ 10 രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ആസിയനുമായി 2001 മുതല്‍ ഇന്ത്യ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു.2003 ഒക്ടോബറില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയ് കരാറിന്റെ കരടില്‍ ഒപ്പിട്ടു.2010 ജനുവരി 1 മുതല്‍ കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കും.2019 ല്‍ കരാര്‍ പൂര്‍ണ്ണമായും നടപ്പിലാവുന്നതോടെ കരാറില്‍ ഉള്‍പ്പെട്ട കാര്‍ഷികവിഭവങ്ങള്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറയും.ഉദാഹരണത്തിന് അസംസ്കൃത പാമോയിലിന്റെ ചുങ്കം 37.5 ശതമാനമായും , സംസ്കരിച്ച പാമോയിലിന്‍റേത് 45 ശതമാനമായും കുറയും.ഇപ്പോള്‍ തന്നെ പാമോയില്‍ ഇറക്കുമതി കാരണം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില തകര്‍ച്ച അനുഭവിക്കുന്ന കേരളത്തിലെ നാളീകേര കര്‍ഷകര്‍ കരാര്‍ കാരണം കൂടുതല്‍ ദുരിതത്തിലകപ്പെടും.കാപ്പി,തേയില,റബ്ബര്‍ തുടങ്ങിയ നാണ്യവിളകള്‍ കൃഷി ചെയ്തു ഉപജീവനം കഴിക്കുന്നവരും കഷ്ടത്തിലാവും.കരാര്‍ പ്രകാരം വിയത്നാമില്‍ നിന്നും മറ്റും മത്സ്യവും ഇറക്കുമതി ചെയ്‌താല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കും ജോലി നഷ്ട്ടപ്പെടും.ചില ഉല്‍പ്പന്നങ്ങളെ സെന്‍സിറ്റീവ് പട്ടികയിലും, മറ്റു ചില ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് പട്ടികയിലും ഉള്‍പ്പെടുത്തി എന്നത് കൊണ്ടു മാത്രം കര്‍ഷകരുടെ ആശങ്കകള്‍ മാറുന്നില്ല.ഓരോ വര്‍ഷവും ലിസ്റ്റ് പുനരവലോകനം ചെയ്യാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ ഇതിന് വലിയ പ്രസക്തിയുമില്ല.കരാറിലെ കര്‍ഷകദ്രോഹ വ്യവസ്ഥകളെ കുറിച്ചു പഠിയ്ക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി ഇതുവരെ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമില്ല.അതുകൊണ്ട് ആസിയന്‍ കരാറുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകളകറ്റാന്‍ കേന്ദ്രസര്ക്കാരിന്റെ ഭാഗത്ത് നിന്ന് എത്രയും വേഗം നടപടികള്‍ ഉണ്ടാവണം.

അഭിപ്രായങ്ങളൊന്നുമില്ല: