സി പി ഐ (എം)ന്റെ പി ബിയും കേന്ദ്രകമ്മറ്റിയും ഈ കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ ചേര്‍ന്നപ്പോള്‍ നമ്മുടെ ചില അച്ചടി മാധ്യമങ്ങളും മാര്‍ക്സിസ്റ്റ് വിരുദ്ധ ചാനലുകളും അവരുടെ പതിവ് നുണപ്രചാരണങ്ങള്‍ക്ക് മുടക്കം വരുത്തിയില്ല.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രസ്തുത യോഗങ്ങളില്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെന്തെല്ലാമോ സംഭവിക്കാന്‍ പോകുന്നുവെന്ന് ഈ മാധ്യമകുരുടുന്മാര്‍ മനപ്പായസമുണ്ടു.യോഗങ്ങളുടെ അജണ്ട പോലും തങ്ങളാണ് തീരുമാനിച്ചത് എന്നമട്ടില്‍ അവര്‍ ഉറഞ്ഞു തുള്ളി. കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ പി ബി യിലും കേന്ദ്രകമ്മറ്റിയോഗത്തിലും പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്നും നടപടികള്‍ ഉറപ്പാണെന്നും അവര്‍ സ്വപ്നം കണ്ടു.അതനുസരിച്ചുള്ള വാര്‍ത്തകള്‍ തയാറാക്കുകയും ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കെ അവയില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്ന പേരില്‍ പൊടിപ്പും തൊങ്ങലും വച്ച വ്യാജ റിപ്പോര്‍ട്ടുകളും അതിന്മേല്‍ സകല മാര്‍ക്സിസ്റ്റ് വിരുദ്ധരെയും അണിനിരത്തി തല്‍സമയ ചര്‍ച്ചകളും പൊടിപൊടിച്ചു.കേരളത്തിലെ പരാജയകാരണങ്ങള്‍ സംസ്ഥാന കമ്മറ്റി വിലയിരുത്തിയത് പി ബി യും
സി സിയും പാടെ തള്ളിക്കളഞ്ഞെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.സംസ്ഥാനത്തെ പരാജയത്തിന്റെ പ്രധാനകാരണങ്ങള്‍ ലാവലിന്‍ കേസും പി ഡി പി ബന്ധവുമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നതായി യോഗതീരുമാനങ്ങള്‍ പുറത്തു വരുന്നതിനു മുമ്പെ തട്ടി മൂളിക്കാന്‍ ഇവര്‍ക്ക് മടിയുണ്ടായില്ല.ഈ രണ്ടു വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് ഇപ്പോള്‍ പ്രകാശ് കാരാട്ട് വെളിപ്പെടുത്തിയിരിക്കുന്നു.ലാവലിന്‍ അഴിമതിക്കേസല്ലെന്നും പാര്‍ട്ടിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും പി ബിയും സി സിയും അടിവരയിട്ടു പറഞ്ഞു കഴിഞ്ഞു. കേസിനെ നിയമപരമായി നേരിടാനും തീരുമാനമായി .ലാവലിന്‍ കേസിന്റെ പേരില്‍ ചില മാധ്യമങ്ങളും യു ഡി എഫും അഴിച്ചുവിട്ട വ്യാജപ്രചരണങ്ങളില്‍ ഒരു വിഭാഗം ജനങ്ങള്‍ പെട്ടുപോയതും പരാജയകാരണമായി വിലയിരുത്തപ്പെട്ടത് തങ്ങള്‍ക്ക് അനുകൂലമായി മാറ്റാമെന്നാണ് ഈ കുബുദ്ധികള്‍ കരുതിയത്.പണ്ടു കുരുടന്മാര്‍ ആനയെ കണ്ടത് പോലെ വാര്‍ത്തകളുടെ ചിലഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ആഘോഷിക്കുകയാണ് ഈ മാര്‍ക്സിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ചെയ്തത്.ഇതു അവര്‍ ഇനിയും തുടര്‍ന്ന് കൊണ്ടിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ