2009, ജൂലൈ 5, ഞായറാഴ്‌ച

സെല്‍ഫോണ്‍ ദുരുപയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും

ആധുനിക സാങ്കേതിക വിദ്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം എല്ലാ മേഖലകളിലും ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.എന്നാല്‍ സെല്‍ഫോണ്‍,ഇന്‍റര്‍നെറ്റ് തുടങ്ങിയവയുടെ
ദുരുപയോഗം നമ്മുടെ ഈ കൊച്ചു കേരളത്തില്‍ പോലും നാള്‍ക്കുനാള്‍ കൂടുന്നതായി കണക്കുകള്‍ തെളിയിക്കുന്നു.ഇന്ത്യയിലാകെ 35 കോടി സെല്‍ഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.കണ്ണൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഈ അടുത്ത കാലത്തു നടന്ന സംഭവം.പ്രസ്തുത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന ഒരു വിദ്യാര്‍ഥി തന്റെ സെല്‍ഫോണ്‍ ഉപയോഗിച്ചു ക്ലാസ്സിലെ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ എടുക്കുന്നു.കുട്ടികളുടെ പരാതിയുടെ പുറത്ത് സ്കൂളധികൃതര്‍ രക്ഷിതാവിനെ വരുത്തുന്നു.വന്നത് കുട്ടിയുടെ അമ്മയാണ്,അച്ഛന്‍ പണിക്കു പോയിരിക്കുന്നു.അമ്മ അദ്ധ്യാപകരോട് പറഞ്ഞത് ഇങ്ങനെ-അവന്റെ കല്ലുവെട്ടു തൊഴിലാളിയായ അച്ഛന്‍ 5000 ഉറുപ്പിക ആരോടോ കടം വാങ്ങി അവനൊരു മൊബൈല് വാങ്ങിക്കൊടുത്തത് നിങ്ങള്‍ക്ക് പിടിച്ചു വെക്കാനാ?തള്ളയുടെ ഭാവം മനസ്സിലാക്കി തല്‍ക്കാലം പറഞ്ഞു വിട്ടു.പാവപ്പെട്ട വീടുകളില്‍ നിന്നു വരുന്ന കുട്ടികള്ക്ക് പോലും സെല്‍ഫോണുകള്‍ എങ്ങിനെ കിട്ടുന്നുവെന്നും അവര്‍ അവ എപ്രകാരം ദുരുപയോഗം ചെയ്യുന്നു വെന്നും ഈ ഉദാഹരണം മതിയായ തെളിവാണ്.ഈയിടെ തിരുവനന്തപുരത്ത് ഒരു ചെറുപ്പക്കാരന്‍ മുപ്പതിലേറെ പെണ്‍കുട്ടികളെ പീഢിപ്പിക്കുകയും സെല്‍ഫോണ്‍ ഉപയോഗിച്ചു നഗ്നചിത്രങ്ങള്‍ എടുത്തു ഇന്റര്‍ നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനു പോലീസ് പിടിയിലായി.മനോരമ ന്യൂസ്‌ ഈ അടുത്ത ദിവസം പുറത്തുവിട്ട ഓണ്‍ ലൈന്‍ പെണ്‍ വാണഭത്തിലും സെല്‍ഫോണുകളുടെ റോള്‍ ഒട്ടും കുറവല്ല.നാട്ടില്‍ ഇന്നു നടക്കുന്ന മിക്ക കുറ്റകൃത്യങ്ങളിലും ചെറുതല്ലാത്ത പങ്കു വഹിക്കുന്ന സെല്‍ഫോണുകളുടെ ദുരുപയോഗം തടയാന്‍ ശക്തമായ നിയമ നടപടികള്‍ ഉണ്ടാവണം.ഐ ടി നിയമത്തിലെ പഴുതുകള്‍ അടച്ചും, തലസ്ഥാനത്ത് തുടങ്ങിയത് പോലുള്ള സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ കൊച്ചി ,കോഴിക്കോട് നഗരങ്ങളില്‍ കൂടി ഉടനെ ആരംഭിച്ചും സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുകയം വേണം.

അഭിപ്രായങ്ങളൊന്നുമില്ല: