ഇന്ത്യയിലാകെ ഇന്ന് അനുഭവപ്പെടുന്ന കടുത്ത വിലക്കയറ്റം കേരളത്തില്‍ മാത്രമുള്ളതാണെന്ന് വരുത്തി തീര്‍ക്കാനുള്ള വൃഥാശ്രമമാണ് യുഡിഎഫും അവരെ പിന്തുണയ്ക്കുന്ന ഏതാനും മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.കോണ്ഗ്രസ്സിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വികലമായ സാമ്പത്തിക നയങ്ങളുടെ പരിണിത ഫലമാണ് ഇന്നത്തെ രൂക്ഷമായ വിലക്കയറ്റം.കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടി മുഖപത്രത്തിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയച്ച ഒരു തുറന്ന കത്തില്‍ രാജ്യത്തെ അതിഗുരതരമായ വിലക്കയറ്റത്തിലുള്ള ഉല്‍ക്കണ്ഠ പങ്കു വെക്കുകയും, ഇതിന് സത്വര പരിഹാരം കാണാന്‍ പ്രധാനമന്ത്രിയോടും ധനകാര്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിഷയത്തിന്റെ ഗൌരവം മനസ്സിലായതിന്റെ തെളിവാണ്.എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കയറ്റത്തെ തങ്ങളുടെ ഹീനമായ രാഷ്ട്രീയ ലക്ഷൃങ്ങള്‍ നേടാനുള്ള കുറുക്കു വഴിയായാണ് കാണുന്നത്.വിപണിയില്‍ ഇടപെട്ടുകൊണ്ട് വിലക്കയറ്റത്തിന്റെ തീവ്രതകുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നപപടികള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന് കേന്ദ്രമന്ത്രി ശരത് പവാര്‍ പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.മാത്രവുമല്ല വിലക്കയറ്റത്തിന്റെ തോത് പരിശോധിക്കുമ്പോള്‍ കേരളം പതിനേഴാം സ്ഥാനത്താണെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു.സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിവിധ ഔട്ട്ലെറ്റുകള്‍ വഴി അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു കൊണ്ടാണ് ഇതു സാധിക്കുന്നത്.പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന മഹാരാഷ്ട്രയില്‍ പോലും സബ്സിഡി നിരക്കില്‍ കിലോഗ്രാമിന് 30 രൂപ കൊടുക്കേണ്ടി വരുമ്പോള്‍ കേരളത്തില്‍ അത് 25 രൂപയാണെന്ന വസ്തുത ഓര്‍മ്മിക്കുക.എപിഎല്‍ കാര്ഡ്ഉടമകള്‍ക്ക് നല്‍കാന്‍ കിലോഗ്രാമിന് 17 രൂപ നിരക്കില്‍ കേന്ദ്രം നല്കുന്ന അരി 13 രൂപയ്ക്ക് ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.കൂടാതെ മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും,ന്യായവിലക്ക് ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാക്കാന്‍ മാവേലി ഹോട്ടലുകള്‍ തുറക്കാനും നടപടികള്‍ പുരോഗമിക്കുന്നു.പച്ചക്കറികളുടെ വിലകള്‍ നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെട്ടതിന് ഫലം കണ്ടു തുടങ്ങി.കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുള്ള റയിഡുകളും നടക്കുന്നു.സ്ഥിതിഗതികള്‍ വിലയിരുത്താനും വേണ്ടനടപടികള്‍ പെട്ടെന്ന് സ്വീകരിക്കാനും മുഖ്യമന്ത്രി ചെയര്‍മാനായുള്ള മന്ത്രസഭാ ഉപസമിതിയും നിലവില്‍ വന്നു കഴിഞ്ഞു .കേരള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഇടങ്കോല്‍ ഇടാന്‍ ശ്രമിക്കാതെ വിലക്കയറ്റത്തിന് കാരണമായ തെറ്റായ കേന്ദ്രനയങ്ങള്‍ തിരുത്തിക്കുവാനുള്ള ശ്രമമാണ് കേരളത്തിലെ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ നടത്തേണ്ടത്.