2010, നവംബർ 17, ബുധനാഴ്‌ച

'മാധ്യമ'ത്തിന്റെ അധമ പത്രപ്രവര്‍ത്തനം

മാര്‍ക്സിസ്റ്റ്‌ വിരുദ്ധജ്വരം മൂത്താല്‍ മാധ്യമങ്ങള്‍ എന്ത് വിഡ്ഢിത്തവും എഴുന്നള്ളിക്കും എന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടാവും.അക്കൂട്ടത്തില്‍ പെട്ട ഒരു ഉണ്ടയില്ലാ വെടി 'മാധ്യമം' വാരികയുടെ വക പ്രത്യക്ഷപ്പെട്ടിരിക്കുന്നു.വര്‍ഷങ്ങള്‍ക്കുമുമ്പ് കൈരളി ചാനലിനെ പറ്റി 'ഒരു പാര്‍ട്ടി ചാനലിന്റെ ആസന്ന മരണചിന്തകള്‍' എന്ന ഫീച്ചര്‍ പ്രസിദ്ധീകരിച്ച് ആത്മസുഖം നേടിയ ഈ ജമാഅത്തെ ഇസ്ലാമി വാരിക അവസരം കിട്ടുമ്പോഴെല്ലാം സി പി ഐ എമ്മിനെയും അതിന്റെ നേതാക്കളെയും കുത്തി നോവിക്കാറുണ്ട്.എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ പാഴ്ശ്രമം അല്പം കൂടിപ്പോയി.കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ട കണ്ണൂര്‍ ജില്ലയിലെ പിണറായി എന്ന ഗ്രാമത്തില്‍ പോലും പാര്‍ട്ടിക്ക് ഇനി രക്ഷയില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി ഒരു വിദ്വാന്‍ എഴുതി പിടിപ്പിച്ച അവാസ്തവങ്ങള്‍ മാധ്യമത്തിന്റെ അധമ പത്രപ്രവര്‍ത്തനത്തിന് ഉത്തമോദാഹരണമാണ്.കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച അബ്ദുല്ലക്കുട്ടിക്ക് പാര്‍ട്ടി സെക്രട്ടറിയുടെ തട്ടകമായ പിണറായിയില്‍ കൂടുതല്‍ വോട്ടു കിട്ടി എന്ന നുണയാണ് ഇയാള്‍ എഴുതിയിരിക്കുന്നത്.പിണറായി കണ്ണൂര്‍ മണ്ഡലത്തിലാണോ എന്ന് പരിശോധിക്കാനുള്ള സാമാന്യബുദ്ധിപോലും മാന്യ പത്രാധിപര്‍ക്ക് ഇല്ലാതെ പോയത് കഷ്ടം തന്നെ.പിണറായി പഴയ കൂത്തുപറമ്പ് മണ്ഡലത്തിലും പുതിയ ധര്‍മ്മടം മണ്ഡലത്തിലുമാണെന്ന കാര്യം ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?അവിടെ സ.പിണറായിയുടെ ബൂത്തില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാണ് കൂടുതല്‍ വോട്ടു കിട്ടിയത്.തദ്ദേശഭരണ തെരഞ്ഞെടുപ്പിലാവട്ടെ പിണറായിയിലെ എല്ലാ വാര്‍ഡുകളിലും എല്‍ ഡി എഫാണ് വിജയിച്ചത്.സി പി ഐ എമ്മിന്റെ തകര്‍ച്ച കാണാന്‍ കൊതിക്കുന്ന കുബുദ്ധികള്‍ ഒരു സത്യം ഓര്‍ക്കുക,നിങ്ങള്‍ വിചാരിച്ചാല്‍ ഈ വിപ്ലവ പ്രസ്ഥാനത്തെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.'മാധ്യമം' ആസന്നമരണം ആഗ്രഹിച്ച 'കൈരളി' ഇന്ന് മൂന്ന് ചാനലുകളായി പടര്‍ന്നു പന്തലിച്ച്, നാലാമതൊരു ചാനല്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു.കഴിഞ്ഞ രണ്ടു വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി അതിന്റെ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതവും നല്‍കി വരുന്നു. ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗ്ഗീയ ശക്തികള്‍ക്കു മുമ്പില്‍ മുട്ടുമടക്കാനും ഈ പാര്‍ട്ടിയെ കിട്ടില്ല. കുരച്ചോളൂ, ആവുന്നത്ര ഉച്ചത്തില്‍ കുരച്ചോളൂ,പക്ഷെ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും...